National
ന്യൂഡൽഹി: ഭരണപരമായ വീഴ്ചകളും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും ദേശീയപാതകളിലെ അപകടങ്ങൾക്കു കാരണമായി മാറരുതെന്ന് സുപ്രീംകോടതി. രാജ്യത്തെ ആകെ റോഡ് ശൃംഖലയുടെ രണ്ടു ശതമാനം മാത്രമാണു ദേശീയപാതകളെങ്കിലും രാജ്യത്തെ വാഹനാപകടത്തിന്റെ 30 ശതമാനവും സംഭവിക്കുന്നത് ഇവിടെയാണെന്നും ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
രാജസ്ഥാനിലും തെലുങ്കാനയിലും ഒരു ദിവസത്തിന്റെ ഇടവേളയിൽ ദേശീയപാതയിൽ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിലാണു നിരീക്ഷണം. രണ്ട് അപകടങ്ങളിലുമായി 34 പേരാണു മരിച്ചത്. ഇത്തരത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് രാജ്യവ്യാപകമായി നടപ്പാക്കേണ്ട ചില നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
ഒഴിവാക്കാവുന്ന ഒരു മരണംപോലും സംഭവിക്കുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്നു കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ പാർക്കിംഗ്, അപകടമേഖലകൾ എന്നിവ കാരണം ഒരു ജീവൻ നഷ്ടപ്പെടുന്നത് പൗരന്മാർക്കു ഭരണകൂടം നൽകേണ്ട സുരക്ഷാ കവചത്തിന്റെ പരാജയമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുശാസിക്കുന്ന ‘ജീവിക്കാനുള്ള അവകാശത്തെ’ റോഡ് സുരക്ഷയുമായി കോടതി നേരിട്ട് ബന്ധിപ്പിച്ചു. മനുഷ്യജീവൻ സംരക്ഷിക്കപ്പെടുന്നതിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
അനധികൃത പാർക്കിംഗും നിർമാണങ്ങളും ഒഴിവാക്കണം
ദേശീയപാതകളിലോ അവയുടെ വശങ്ങളിലോ നിശ്ചിത പാർക്കിംഗ് ഏരിയകളിൽ അല്ലാതെ വലിയ വാഹനങ്ങളോ വാണിജ്യ വാഹനങ്ങളോ നിർത്താൻ പാടില്ലെന്ന് കോടതി നിർദേശിച്ചു.
അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം, ജിപിഎസ് അധിഷ്ഠിത ഫോട്ടോഗ്രാഫിക് തെളിവുകൾ, ഇ-ചെലാൻ സംവിധാനം എന്നിവ വഴി നിയമലംഘനങ്ങൾ കണ്ടെത്തണം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, ദേശീയപാതാ അഥോറിറ്റി (എൻഎച്ച്എഐ), സംസ്ഥാന പോലീസ്, ഗതാഗത വകുപ്പുകൾ എന്നിവർ 60 ദിവസത്തിനുള്ളിൽ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരിശോധനകൾക്കും പട്രോളിംഗിനുമായി ജില്ലാ മജിസ്ട്രേറ്റുമാർ പ്രത്യേക നടപടിക്രമങ്ങൾ രൂപീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ദേശീയപാതയോരങ്ങളിൽ നിയമവിരുദ്ധ നിർമാണങ്ങൾ നടത്തുന്നതിനെതിരേയും കോടതി കടുത്ത നിലപാട് സ്വീകരിച്ചു.
പാതയോരങ്ങളിൽ നിശ്ചിത ദൂരപരിധി മറികടന്ന് പുതിയ ധാബകളോ മറ്റു വാണിജ്യസ്ഥാപനങ്ങളോ നിർമിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും നിരോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള അനധികൃത നിർമാണങ്ങൾ 60 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണം.
ദേശീയപാതാ അഥോറിറ്റിയുടെയോ പൊതുമരാമത്ത് വകുപ്പിന്റെയോ അനുമതിയില്ലാതെ സുരക്ഷാ മേഖലകളിൽ പുതിയ ലൈസൻസുകൾ നൽകരുത്. നിലവിലുള്ള ലൈസൻസുകൾ 30 ദിവസത്തിനുള്ളിൽ പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കണം
റോഡ് സുരക്ഷ നിരീക്ഷിക്കുന്നതിനായി 15 ദിവസത്തിനുള്ളിൽ ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. ഭരണകൂടം, പോലീസ്, എൻഎച്ച്എഐ, പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള ഉദ്യോഗസ്ഥർ ഈ ടാസ്ക് ഫോഴ്സിൽ ഉൾപ്പെടണം.
അപകടസാധ്യതയുള്ള ഇടങ്ങളിൽ മികച്ച വെളിച്ചം ഉറപ്പാക്കുക, നിരീക്ഷണസംവിധാനങ്ങൾ വർധിപ്പിക്കുക, ട്രക്കുകൾക്കായി പ്രത്യേകം പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുക, അടിയന്തര സേവന സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോട് സുപ്രീംകോടതി നിർദേശിച്ചു.
Kerala
പരവൂർ: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ യാത്രക്കാർക്ക് വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര മന്ത്രാലയം.
ശുചിമുറികൾ വൃത്തിഹീനമാണെന്ന് കണ്ട് പരാതിപ്പെടുന്നവർക്ക് 1,000 രൂപ പാരിതോഷികം നൽകുന്ന ക്ലീൻ ടോയ്ലെറ്റ് പിക്ചർ ചലഞ്ച് മന്ത്രാലയം പ്രഖ്യാപിച്ചു.
അഴുക്കുപിടിച്ച ശുചിമുറികളുടെ ചിത്രം മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യുന്നവർക്ക് ഈ തുക ഫാസ്ടാഗ് ക്രെഡിറ്റായി ലഭിക്കും.
ശുചിമുറികൾ വൃത്തിഹീനമാണെന്ന് കണ്ടാൽ യാത്രക്കാർക്ക് രാജ്മാർഗ് യാത്ര എന്ന മൊബൈൽ ആപ്പ് വഴി പരാതി നൽകാം.
National
ന്യൂഡൽഹി: ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ പ്രധാന പാതകളിലെ ടോൾ നിരക്കുകളിലാണ് മാറ്റം വരുന്നത്.
മൂന്ന് ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ് ടോൾ നിരക്കുകളിൽ വർധന പ്രഖ്യാപിച്ചിട്ടുള്ളത്.
ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ, ദാബസ്പേട്ട്-ഹൊസക്കോട്ടെ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ്, ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, കനകപുര റോഡ്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് തുടങ്ങിയ പാതകളിലെല്ലാം പുതിയ നിരക്കുകൾ ബാധകമാണ്.
District News
പാലക്കാട്: പാലക്കാട് വഴിയുള്ള പൊള്ളാച്ചി-തൃശൂർ സംസ്ഥാനപാതയും ഷൊർണൂർ വഴിയുള്ള പാലക്കാട്-തൃശൂർ സംസ്ഥാനപാതയും ദേശീയപാതകളാക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാരിൽനിന്ന് നിർദേശം ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി അജയ് തംത എംപിയെ അറിയിച്ചു.
,പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർപ്ലാൻ പ്രകാരമാണ് സംസ്ഥാനപാതകൾ ദേശീയപാതക ളാക്കി മാറ്റുന്നത്. വാഹനങ്ങളുടെ അമിതസാന്ദ്രത കാരണം അപകടങ്ങൾ പെരുകുന്ന പാലക്കാട്-തൃശൂർ, പൊള്ളാച്ചി-തൃശൂർ സംസ്ഥാന റോഡുകൾ ദേശീയപാതകളാക്കി മാറ്റുന്നതിനായുള്ള നിർദേശം കേന്ദ്രസർക്കാരിനു ലഭ്യമായിട്ടുണ്ടോ എന്നതു സംബന്ധിച്ച് എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രസഹമന്ത്രി ഇക്കാര്യം അറിയിച്ചത്. പൊള്ളാച്ചി മുതൽ ഗോപാലപുരം വരെ റോഡ് വീതികൂട്ടി നിർമാണം നടത്തിയിട്ടുണ്ട്.
തുടർന്ന് കൊഴിഞ്ഞാന്പാറ വഴി പാലക്കാട് വരെയുള്ള റോഡിൽ ഗതാഗതത്തിരക്കുമൂലം അപകടങ്ങൾ വർധിക്കുകയാണ്.
പാലക്കാട് - ഷൊർണൂർ വഴി തൃശൂരിലേക്കുള്ള റോഡും മണിക്കൂറുകൾ തടസമുണ്ടാക്കുന്ന ഗതാഗതത്തിരക്ക് അനുഭവപ്പെടുകയാണെന്ന് എംപി പറഞ്ഞു.
National
ന്യൂഡൽഹി: റോഡ് അപകടങ്ങൾ ലഘൂകരിക്കുന്നതിനും യാത്രക്കാരുടെ അവബോധം മെച്ചപ്പെടുത്തുന്നതിനുമായി ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം വിന്യസിക്കാനൊരുങ്ങി ദേശീയ പാതാ അഥോറിറ്റി (എൻഎച്ച്എഐ).
ദേശീയ പാതാ ശൃംഖലയിലുടനീളം വിന്യസിക്കുന്നതിനായി എൻഎച്ച്എഐ രാജ്യത്തെ പ്രമുഖ ടെലികോം കന്പനിയായ റിലയൻസ് ജിയോയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.
അപകടസാധ്യതയുളള സ്ഥലങ്ങൾ, അലഞ്ഞുതിരിയുന്ന പശുക്കളുള്ള റോഡുകൾ, മൂടൽമഞ്ഞ് ബാധിത പ്രദേശങ്ങൾ, അടിയന്തര വ്യതിചലനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യാത്രക്കാർക്ക് മൊബൈൽ മുഖേന മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം.
റോഡുകളിലെ അപകടസാധ്യതകളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ എസ്എംഎസ്, വാട്സ്ആപ്പ്, അതീവ മുൻഗണന കോളുകൾ എന്നിവയിലൂടെയാണ് യാത്രക്കാരിലേക്കെത്തുക.
എൻഎച്ച്എഐയുടെ അടിയന്തര ഹെൽപ്ലൈൻ നന്പറായ 1033, ’രാജ്മാർഗ്യാത്ര’ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി പുതിയ സംവിധാനം ഘട്ടംഘട്ടമായി സംയോജിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
ചില തെരഞ്ഞെടുക്കപ്പെട്ട ഹൈവേകളിൽ മാത്രമായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുക. പദ്ധതി പുരോഗമിക്കുന്പോൾ മറ്റ് ടെലികോം കന്പനികളെയും സഹകരിപ്പിക്കും.
District News
കാസര്‍ഗോഡ്: കുമ്പള ആരിക്കാടി ടോള്‍ ഗേറ്റില്‍ ബസുകള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും 440 രൂപ നിരക്കില്‍ യൂസര്‍ ഫീ ഒടുക്കണമെന്ന അറിയിപ്പിനെതിരെ കടുത്ത പ്രതിഷേധവുമായി സ്വകാര്യബസുടമകള്‍. നാലു ട്രിപ്പുകള്‍ ഓടുന്ന ഒരു ബസ് 1760 രൂപ അടക്കേണ്ടി വരും. സാധാരണ ബസുകള്‍ക്ക് ഒരു ദിവസം 1000 - 1500 രൂപ മാത്രമേ ബാലന്‍സ് ലഭിക്കുന്നുള്ളൂ. അതില്‍ 1760 രൂപ ടോള്‍ നല്‍കേണ്ടി വന്നാല്‍ പിന്നെ സര്‍വീസ് തുടരുന്നതില്‍ കാര്യമില്ല.
സര്‍വീസ് തന്നെ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം വന്നുചേരും. സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് റോഡിലൂടെ മാത്രമാണ് ഓടാന്‍ അനുവാദമുള്ളത്.
കെഎസ്ആര്‍ടിസി, ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് ദേശീയപാതയിലൂടെ ഓടുന്നത്. കാസര്‍ഗോഡ് നിന്നും പുറപ്പെട്ട് തലപ്പാടി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ കുമ്പള - ആരിക്കാടി പാലം വരെ 12 കിലോമീറ്റര്‍ ദൂരം സര്‍വീസ് റോഡിലൂടെയാണ് ഓടുന്നത്.
അവിടെ സര്‍വീസ് റോഡ് അവസാനിപ്പിച്ച് ദേശീയപാതയിലേക്കാണ് നല്‍കിയിരിക്കുകയാണ്. അവിടെ നിന്നും 800 മീറ്റര്‍ ദൂരം മാത്രമാണ് ദേശീയപാതയിലൂടെ സഞ്ചരിക്കുന്നത്.
സര്‍വീസ് റോഡ് ഇല്ലാത്തതു കൊണ്ടും ദേശീയപാതലേക്ക് വഴി തിരിച്ചുവിട്ടതു കൊണ്ടും മാത്രമാണ് അതിലൂടെ പോകേണ്ടിവരുന്നത്. കേവലം 35 കിലോമീറ്റിനുള്ളില്‍ മാത്രം സര്‍വീസ് നടത്തുന്ന എല്ലാ ബസ് സ്റ്റോപ്പുകളും ടച്ച് ചെയ്തു പോകുന്ന സ്വകാര്യ ബസുകള്‍ക്ക് ദേശീയപാതയില്‍ കയറേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ട് സ്വകാര്യ ബസുകള്‍ക്ക് ടോള്‍ ഫീ ചുമത്തുന്നത് അന്യായമാണ്.
തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ അതുവഴിയുള്ള മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ട സാഹചര്യവും വന്നു ചേരും.
സ്വകാര്യ ബസുകള്‍ക്ക് അന്യായമായി ഫീ ഈടാക്കാനുള്ള തീരുമാനം റദ്ദ്ചെയ്യണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജില്ലാകമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, താലൂക്ക് സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി, പ്രസിഡന്റ് കെ.എന്‍. ബാലകൃഷ്ണന്, ട്രഷറര്‍ രാജേഷ്, എസ്. രാധാകൃഷ്ണന്, ഇബ്രാഹിം സഫര്‍, എസ്.കെ. ഹമീദ്, ഇബ്രാഹിം മര്‍സാന എന്നിവര്‍ പങ്കെടുത്തു.